ഗാന്ധിയെ രാഷ്ട്രപിതാവായി കരുതുന്നില്ല. ഗാന്ധിക്കെതിരായ അധിക്ഷേപങ്ങളിൽ പശ്ചാത്താപമില്ലെന്ന് കലിചരൺ മഹാരാജ്

single-img
28 December 2021

ഗാന്ധിക്കെതിരെ താൻ നടത്തിയ അധിക്ഷേപത്തിൽ ഒട്ടും ഖേദമില്ലെന്ന് ഹിന്ദു മതപുരോഹിതൻ കലിചരൺ മഹാരാജ്. ചത്തീസ്ഗഢിൽ നടന്ന ‘ധർമ സൻസദ്’ ഹിന്ദു സമ്മേളനത്തിലായിരുന്നു അധിക്ഷേപം. സംഭവത്തിൽ മഹാരാജിനെതിരെ റായ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

കാലിചരന്റെ വാക്കുകൾ: ”ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് എനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, അധിക്ഷേപങ്ങളിൽ എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഗാന്ധിയെ രാഷ്ട്രപിതാവായി ഞാൻ ഗണിക്കുന്നില്ല. സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രിയാകാതിരിക്കാൻ കാരണം മഹാത്മാ ഗാന്ധിയാണ്. പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ അമേരിക്കയെക്കാളും ശക്തമായ രാജ്യമാകുമായിരുന്നു.” വിഡിയോ സന്ദേശത്തിൽ കലിചരൺ മഹാരാജ് പ്രതികരിച്ചു.

അതേസമയം അദ്ദേഹത്തിന്റെ വിഡിയോയെക്കുറിച്ച് റായ്പൂർ പൊലീസ് പ്രതികരിച്ചിട്ടുണ്ട്. നിലവിൽ മഹാരാജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസെന്നും എസ്പി പ്രശാന്ത് അഗർവാൾ അറിയിച്ചു. ഇന്നലെയായിരുന്നു മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മഹാരാജിനെതിരെ പൊലീസ് കെസെടുത്തത്.

റായ്പൂരിലെ മുൻ മേയർ പ്രമോദ് ദുബെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഇതേ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലെ അകോല പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.