രാത്രികാലങ്ങളിൽ കര്‍ഫ്യൂ, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി; യോഗി സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി

single-img
27 December 2021

ഒമൈക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശ് സർക്കാർ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാത്രി കാലങ്ങളിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, എന്നിട്ട് പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുകയാണെന്നും വരുണ്‍ ഗാന്ധി വിമർശനം ഉയർത്തി. സംസ്ഥാനത്തെ സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്.

യുപിയിലെ വളരെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഭയാനകമായ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണമെന്ന് വരുണ്‍ ഗാന്ധി തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു.

നിലവിൽ ഉത്തര്‍പ്രദേശില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്ക് 200ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.