സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതി: ഇടി മുഹമ്മദ് ബഷീർ

single-img
20 December 2021

കേന്ദ്ര സർക്കാർ രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. പൗരന്മാർക്ക് വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. കേന്ദ്ര സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ല. സ്ത്രീ സംരക്ഷകരാണ് ബിജെപിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഇടി മുഹമ്മദ് ബഷീർ ആരോപിച്ചു.

ഇരുസഭകളിലും ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും നിരവധി സങ്കീ‍ർണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തെ 158 രാജ്യങ്ങളിൽ വിവാഹപ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവച്ച തുകയിൽ 80% പരസ്യത്തിനായാണ് ചിലവഴിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.