സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹമൊന്നാകെ കൈകോര്‍ക്കണം: നിമിഷാ സജയന്‍

single-img
14 December 2021

സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാന്‍ സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍ പോരെന്നും സമൂഹമൊന്നാകെ അതിനായി ഉയര്‍ന്നുചിന്തിക്കണമെന്നും സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ പ്രസിദ്ധ സിനിമാതാരം നിമിഷാ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാവുന്നതെന്ന് അവര്‍ കൂട്ടി ചേര്‍ത്തു.

സ്ത്രീപീഡനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളും രാഷ്ട്രീയപാര്‍ടികളും സാമൂഹ്യപ്രസ്ഥാനങ്ങളും ഈ പ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടത്തിയ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളും അതിന്റെ തുടര്‍ച്ചയായി ഇരുപതാം നൂറ്റാണ്ടില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളും നമ്മുടെ സമൂഹത്തിന് പുരോഗമനപരമായ ഉള്ളടക്കം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഒരു പുരോഗമനസമൂഹത്തിന് ചേരാത്തതും നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധമായ പ്രവണതകള്‍ വര്‍ധിച്ചുവരുന്നു എന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇതിനെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്നതെന്നും നിമിഷ സജയന്‍ പറഞ്ഞു.