കെ റെയിലിന്റെ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടും: ഇ ശ്രീധരൻ

single-img
23 November 2021
E Sreedharan Chief Minister BJP

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ബിജെപി നേതാവ് ഇ ശ്രീധരൻ. കെ റെയിൽ പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് പറഞ്ഞ അദ്ദേഹം, സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടുമെന്ന് അഭിപ്രായപ്പെട്ടു.

രാത്രികാലങ്ങളിലെ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ റെയിൽ വാദവും തെറ്റാണ്. കെആർഡിസിഎല്ലിന് നിർമാണ ചുമതല നൽകിയ 27 റെയിൽവേ മേൽപാലങ്ങളിൽ ഒന്നിന്റെ നിർമാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഇതോടൊപ്പം തന്നെ കെ റെയിൽ പദ്ധതിയുടെ കട ബാധ്യത ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തിയതെന്ന് ചോദിച്ച മെട്രോ മാൻ അന്നത് തുടർന്നിരുന്നെങ്കിൽ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രോ ഇന്ന് സർവീസ് നടത്തുമായിരുന്നുവെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾക്ക് കൂട്ടു നിൽക്കാൻ ബിജെപിക്കാവില്ലെന്നും വാർത്താ കുറിപ്പിൽ ഇ ശ്രീധരൻ പ്രതികരിച്ചു.