ഇടുക്കി ഡിസിസി പ്രസിഡണ്ടിന്റെ മുടി വെട്ടില്ലെന്ന തീരുമാനവുമായി ബാർബർമാരുടെ സംഘടന

single-img
10 November 2021

ഇടുക്കി ഡിസിസി പ്രസിഡന്റായ സിപി മാത്യുവിന്റെ മുടി വെട്ടില്ലെന്ന തീരുമാനവുമായി ബാർബർമാരുടെ സംഘടന. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ സി പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചാണ് ബാര്‍ബേഴ്‌സ് അസോസിയേഷന്റെ ഈ തീരുമാനം.

‘ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം’ എന്നായിരുന്നു പരിപാടിയിൽ മാത്യുവിന്റെ വാക്കുകള്‍. ഈ പരാമർശത്തെ തുടർന്ന് ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.

തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരിച്ചത്. ” ആളുകൾ എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഈ തൊഴിലില്‍ ഒരു മാന്യത കുറവും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സി പി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.”- സംഘടന നേതാക്കൾ അറിയിച്ചു.