നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

single-img
1 November 2021

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് കുറവിലങ്ങാട് പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കുറവിലങ്ങാട് പള്ളിയിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്.

ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഇപ്പോൾ കോടതി ഉത്തരവ്. മതസ്പർദ്ധ വളർത്തുന്ന അടക്കമുള്ള കുറ്റങ്ങൾചുമത്തിയാകും പൊലീസ് കേസെടുക്കുക.

വിവാദമായ ബിഷപ്പിന്റെ വാക്കുകൾ ഇങ്ങിനെ: ‘ മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് .

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.