ചികിത്സ നൽകുന്നതിന് പകരം മറ്റ് വഴികൾ തേടി; കണ്ണൂരിൽ പനി ബാധിച്ച 11കാരി മരിച്ചു

single-img
31 October 2021

കണ്ണൂർ ജില്ലയിലെ നാലുവയലിൽ 11 വയസ്സുകാരി പനി ബാധിച്ച് മരിച്ചത് വീട്ടുകാർ ചികിത്സ നൽകാൻ മടി കാണിച്ചതിനെ തുടർന്നെന്ന് ആരോപണം.നാലുവയലിൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് മരിച്ചത്. അവസാന മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാൽ കുട്ടിയെ തുടക്കത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിന് പകരം വീട്ടുകാർ മറ്റ് വഴികൾ സ്വീകരിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പനി കൂടിയതിനെ തുടർന്ന് അവശനിലയിലായതോടെയാണ്‌ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബം തയ്യാറായത്. മുൻപും ഈ കുടുംബത്തിൽ സമാനരീതിയിൽ മറ്റൊരു മരണം നടന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു. ആധുനിക വൈദ്യ സഹായം നൽകാൻ താൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. വൈദ്യശാസ്ത്രത്തിന്റെ ചികിത്സയ്ക്ക് പകരം മതപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്നാണ് നാട്ടുകാർ പറയുന്നത്.