ലൈംഗിക തൊഴിൽ നിരോധിച്ചുകൊണ്ട് നാഗ്‌പൂർ പൊലീസ്; ചോദ്യം ചെയ്‌ത് ബോംബെ ഹൈക്കോടതിയിൽ ഹർജി

single-img
27 October 2021

മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ ഗംഗ, യമുന മേഖലകളിൽ ലൈംഗിക തൊഴിൽ സ്ഥിരമായി നിരോധിച്ചുകൊണ്ടുള്ള നാഗ്‌പൂർ പൊലീസ് കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ബോംബെ ഹൈക്കോടതിയിൽ ഹർജി.

മുകേഷ് ഷാഹു എന്ന വ്യക്തി അഭിഭാഷകരായ ചന്ദ്രശേഖർ സാഖറെ, പ്രീതി ഫഡകെ എന്നിവർ മുഖേനനൽകിയ ഹർജിയിൽ പൊലീസ് ഇറക്കിയ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

പോലീസിന്റെ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മേഖലകളിൽ താമസിച്ച് ലൈംഗിക തൊഴിൽ ചെയ്‌തുവരുന്ന വ്യക്തികളുടെ മൗലികാവകാശം നിഷേധിക്കുന്നതാണ് പ്രഖ്യാപനം.അവരുടെ താമസസ്ഥലം കൈവശപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.ലൈംഗിക തോഴിൽ ക്രിമിനൽ കുറ്റമല്ലെന്നും അത് സ്വീകരിച്ചുവെന്നതിനാൽ അവരുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടുതന്നെ ഉത്തരവിൽ പരാമർശിക്കുന്ന മേഖലകളിൽ പ്രവര്‍ത്തിക്കാന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ഉത്തരവ് റദ്ദാക്കണമെന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് നവംബർ 17ന് കേസ് വീണ്ടും പരിഗണിക്കും.