സത്യം പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല; സവർക്കറെ അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം; ആൻഡമാനിലെ സെല്ലുലാർ ജയിൽ സന്ദർശിച്ച് കങ്കണ

single-img
27 October 2021

സ്വാതന്ത്ര സമര കാലഘട്ടങ്ങളിൽ ആർഎസ്എസ് സ്ഥാപകരിൽ ഒരാളായിരുന്ന സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ സന്ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ പുതിയ സിനിമയായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരം ആൻഡമാനിൽ എത്തിയത്.

ബ്രിട്ടീഷുകാർ സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ കങ്കണ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

കങ്കണ എഴുതിയത്: ‘ ‘ഇന്ന് ഞാൻ ആൻഡമാൻ ദ്വീപിൽ എത്തി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാപാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. . അവിടം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ നേരിട്ടു..

അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം,​ അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് തികച്ചും അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു. വലിയ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു.

നീണ്ടുകിടക്കുന്ന കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം.ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം.അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല. സവർക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലിൽ ഞാൻ അല്പനേരം ധ്യാനമിരുന്നു,​ അദ്ദേഹത്തിന് ആദരം അർപ്പിച്ചു.”