മുല്ലപ്പെരിയാറിന് ഗുരുതര ഘടനാപരമായ പ്രശ്നങ്ങൾ; യുഎൻ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

single-img
23 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും ഡാമിനാൽ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്‍റെ’ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ .

കേരളത്തില്‍‍ അടുത്തിടെയായി ആവര്‍ത്തിക്കുന്ന പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്കും കൊണ്ടുവരാന്‍ ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. ഏറ്റവും മികച്ചതെന്ന് കരുതുന്ന കോൺക്രീറ്റ് അണക്കെട്ടുകളുടെപോലും ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഈ മുന്നറിയിപ്പ് നൽകുന്നത്.

‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന് പേര് നൽകിയിട്ടുള്ള റിപ്പോർട്ട് 2021 ജനുവരിയിലാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ടില്‍ നൂറിലധികം വർഷം പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാമിനെന്നും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും പറയുന്നു.

അണക്കെട്ട് നിർമ്മാണം നടത്തിയ കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നൽകി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു.