നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പരാതി; കർണാടകയിൽ സർക്കാർ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു

single-img
17 October 2021

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് ഇത്തരത്തിൽ ഒരു സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി അവയെ ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്ന് സമിതി അറിയിച്ചു.സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എം എല്‍ എ ഗൂളിഹട്ടി ശേഖര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘കർണാടകയിൽ ഇപ്പോൾ 1790 ക്രിസ്ത്യന്‍ പള്ളികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാൽ ഇവിടെ എത്ര ക്രിസ്ത്യന്‍ പള്ളികള്‍ അനധിതൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തണം. സംസ്ഥാനമാകെ 36 നിര്‍ബന്ധിത മതപരിവര്‍ത്തന പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കും. സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.’.