ഉത്ര കേസ്: പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കണം; സർക്കാർ അപ്പീലിന് പോകണം: കെ സുരേന്ദ്രൻ

single-img
13 October 2021

ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടി സർക്കാർ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണ്.

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോൾ തന്നെ ഐപിഎസ് ട്രെയിനിംഗിൻറെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. വധശിക്ഷനൽകേണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്.

സംസ്ഥാനത്തെ പെൺകുട്ടികൾ സുരക്ഷിതരായിരിക്കാൻ ഈ കേസിൽ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആ​ഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു.കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.