മാര്‍ക്ക് ജിഹാദ് പരാമർശം: പ്രൊഫസര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തിന് ശിവന്‍കുട്ടിയുടെ കത്ത്

single-img
9 October 2021

ഏറെ വിവാദമായി മാറിയ ‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശത്തില്‍ ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു.

കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ അധ്യാപകനായ രാകേഷ് കുമാര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും നടപടി വേണമെന്നുമാണ് മന്ത്രി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകു എന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.