ലഖിംപൂരില്‍ മന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; കൂടുതൽ തെളിവുകളുമായി എഫ്ഐആർ

single-img
6 October 2021

യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കര്‍ഷകരെ ഇടിച്ചുകൊലപ്പെടുത്തിയ വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നതായി യുപി പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. ഇതോടൊപ്പം ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പറയുന്നുണ്ട്.

യാദൃശ്ചികമല്ല, കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐ ആറില്‍ സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് ശേഷം 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വരികയായിരുന്നു. ഈ സമയം ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തു.

അപകടം ഉണ്ടാക്കിയ പിന്നാലെ വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും അതിനുശേഷം കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയും ചെയ്‌തെന്നും എഫ്ഐ ആറില്‍ പറയുന്നു. നിലവിൽ ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.