കോണ്‍ഗ്രസ് നേതാവായ അമരീന്ദറിനെ മുന്നിൽ നിര്‍ത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്താന്‍ ബിജെപി

single-img
28 September 2021

സിദ്ദുവിന്റെ രാജിയെ തുടര്‍ന്ന് വീണ്ടും പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അമരീന്ദർ സിംഗിനെ മുന്‍നിര്‍ത്തി കർഷക സമരം അവസാനിപ്പിക്കാൻ ബിജെപി ഇപ്പോള്‍ ശ്രമിക്കുകയാണ്.

നേരത്തെ തന്നെ അമരീന്ദർ സിം​ഗ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പക്ഷെ ആ വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അമരീന്ദർ സിം​ഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിം​ഗിന് ഹീറോ പരിവേഷം കൊടുക്കുകയുമാണ്‌ ബിജെപി ലക്ഷ്യമാക്കുന്നത്.

ഇതുവഴി അമരീന്ദറിനെ ബിജെപിയോട് ചേർത്തുനിർത്തി കർഷകരെയും ഒപ്പം നിർത്തുക. ഇതിനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് സൂചന. സമരം തീര്‍ക്കാനായി ഉത്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് പ്രത്യേക നിയമം എന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് സൂചനയുണ്ട്.

നേരത്തെ നിയമം സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. എന്നാല്‍ ഇപ്പോള്‍ ആ നിലപാടിൽ മാറ്റം വരുത്തുകയും മറ്റ് ചില നീക്കങ്ങൾ കൂടി നടത്തുകയും ചെയ്യാമെന്ന തീരുമാനത്തിലാണ് ബിജെപി ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം.