രാജി എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു,ഹൈക്കമാൻഡ് നടപടികൾക്കായി കാത്തിരിക്കുന്നു: വിഎം സുധീരന്‍

single-img
27 September 2021

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറുംമറ്റു നേതാക്കളുമായി നടന്ന ചർച്ചയിൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി ഫലം കാക്കുന്നുവെന്നും മുൻ കെ പി സി സി പ്രസിഡൻറ് വി എം സുധീരൻ.

അതേസമയം, എ ഐ സി സി അംഗം സ്ഥാനം ഉള്‍പ്പെടെ രാജി വെച്ച തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഹൈക്കമാൻഡ് നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും ചർച്ചക്ക് ശേഷം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി.

പലപ്പോഴും തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാന്‍ തയ്യാറായത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതിനാലാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.

തെറ്റായ രീതിയിലെ പ്രവര്‍ത്തന ശൈലിമൂലം പാര്‍ട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഉറ്റുനോക്കും. കോണ്‍ഗ്രസ് ദുര്‍ബലപ്പെടരുത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഹൈക്കമാന്‍ഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരന്‍ പറഞ്ഞു.