പാലാ ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ല; ലാന്‍ഡ് ജിഹാദ് ഉള്‍പ്പെടെ മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവം: ഹിന്ദു ഐക്യവേദി

single-img
17 September 2021

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി.പാലാ ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ലെന്നും ലാന്‍ഡ് ജിഹാദ് ഉള്‍പ്പെടെ മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവമാണെന്നും ഈ സത്യം തുറന്നുപറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്നും സംഘടനാ നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

നമ്മുടെ നാട്ടില്‍ താലിബാനിസം വരാതിരിക്കാന്‍ എല്ലാവിഭാഗങ്ങളും മുന്‍കരുതലെടുക്കണം. ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് സമ്മതിക്കാനാണ് ആദ്യം സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായ വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

കേവലം ചര്‍ച്ച കൊണ്ടുമാത്രം വിഷയം പരിഹരിക്കാനാവില്ലെന്നും ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ പ്രാദേശികതലത്തില്‍ സിറ്റിംഗ് നടത്തി ഇരകളുടെ മൊഴി എടുത്ത് പ്രശ്നം പരിഹാരം കണ്ടെത്തണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.