മനുഷ്യർ സംസാരിക്കുന്ന ഏതു ഭാഷയും ദേവഭാഷ; സംസ്‌കൃതം മാത്രമല്ല, തമിഴും ദേവഭാഷയെന്ന് മദ്രാസ് ഹൈക്കോടതി

single-img
14 September 2021

സംസ്‌കൃതം മാത്രമല്ല, ഈ ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളില്‍ ഒന്നായ തമിഴും ദേവഭാഷയാണെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലുള്ള ക്ഷേത്രങ്ങളിൽ സംസ്‌കൃതത്തിലുള്ള മന്ത്രങ്ങൾക്കൊപ്പം ഇനിമുതല്‍ തമിഴിലും മന്ത്രങ്ങൾ ഉച്ചരിക്കേണ്ടതാണെന്നും ജസ്റ്റിസുമാരായ എൻ. കിരുബാകരൻ, ബി പുകഴേന്തി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിധിച്ചു.

സംസ്ഥാനത്തെ കരൂർ ജില്ലയിലെ ക്ഷേത്രപ്രതിഷ്ഠയിൽ തമിഴ് മന്ത്രങ്ങൾ ചൊല്ലാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.’പുരാതനമായ സാഹിത്യകൃതികൾ അനേകമുള്ള സംസ്‌കൃതം ദേവഭാഷയാണ്.

അതേപോലെ തന്നെ മനുഷ്യർ സംസാരിക്കുന്ന ഏതു ഭാഷയും ദേവഭാഷ തന്നെയാണ്. മനുഷ്യർക്ക് ഭാഷ സൃഷ്ടിക്കാനാവില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഭാഷ തലമുറകൾ കൈമാറിയാണ് ഇന്നത്തെ രൂപത്തിൽ ആയത്. തമിഴ്‌നാട്ടിലുള്ള ക്ഷേത്രത്തിൽ തമിഴ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ക്ഷേത്രത്തിലാണ് അത് ഉപയോഗിക്കുകയെന്നും മദ്രാസ്‌ ഹൈക്കോടതി ചോദിച്ചു.