സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഹരിത

single-img
9 September 2021

എംഎസ് എഫ് സംസ്ഥാന നേതാക്കൾ നടത്തിയ സ്ത്രീവിരുദ്ധ പരാമർശനത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നൽകിയതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ട എംഎസ്എഫ് വിദ്യാർത്ഥിനി സംഘടനയായ ‘ഹരിത’ പാര്‍ട്ടിക്കെതിരെ തുറന്ന പോരിന് തയ്യാറെടുക്കുന്നു.

ലീഗിനാൽ പിരിച്ചുവിട്ട നിലവിലെ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയാണ് മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും തെസ്നി പറഞ്ഞു.

‘ഞങ്ങൾ പൊരുതും; ഹരിത പകർന്ന കരുത്തോടെ’ എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും രാഷ്ട്രീയത്തിൽ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുകയാണ്. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം സ്ത്രീകൾ ഒതുങ്ങിപ്പോകുന്നു.

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളിൽ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു. സ്ത്രീവിരുദ്ധ നിലപാടുകളോടൊന്നും കലഹിക്കാതെ അടിച്ചമർത്തപ്പെട്ട് കഴിയുന്ന ഒരു വിഭാഗം സ്ത്രീകളെയും ഇവയെ ചോദ്യം ചെയ്തും പ്രതിഷേധിച്ചും നീങ്ങുന്ന മറ്റൊരു വിഭാഗം പോരാളികളായ സ്ത്രീകളെയും കേരളത്തിലെ രാഷ്ട്രീയത്തിൽ കാണാമെന്നും തങ്ങൾ പോരാളികളുടെ പക്ഷത്താണ് നിൽക്കാൻ ആഗ്രഹിക്കുന്നതെന്ന് മുഫീദ വ്യക്തമാക്കി.