പൗരത്വ നിയമ ഭേദഗതി; എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്നാട് നിയമ സഭ

single-img
8 September 2021

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമ സഭയും. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്.

സഭയില്‍ മന്ത്രിസഭയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.

ജനാധിപത്യ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും താല്‍പര്യങ്ങളേയും വികാരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ മതത്തിന്‍റേയും രാജ്യത്തിന്‍റേയും പേരില്‍ വേര്‍തിരിക്കുന്നതാണ് നിയമഭേദഗതിയെന്നും സ്റ്റാലിന്‍ വിശദമാക്കി. ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമഭേദഗതി തടസമായേക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെയുള്ളതല്ലെന്ന് തമിഴ്നാട് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.