ഇന്ത്യയ്ക്ക് 1947 ഓഗസ്റ്റ് 15ന് കിട്ടിയതല്ല ജനാധിപത്യം: അമിത് ഷാ

single-img
4 September 2021

ജനാധിപത്യം എന്നത് നമ്മുടെ രാജ്യത്തിന്റെ പ്രകൃതത്തിലുള്ളതാണെന്നും 1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് കിട്ടിയതല്ല ജനാധിപത്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യ തലസ്ഥാനത്ത് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ 51-ാം സ്ഥാപകദിനത്തിന്‍റെ ഭാഗമായി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്ക് 1947 ഓഗസ്റ്റ് 15നു ശേഷമോ 1950ൽ ഭരണഘടന നിലവിൽ വന്ന ശേഷമോ ആണ് ജനാധിപത്യം എത്തിയതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ജനാധിപത്യം നമ്മുടെ പ്രകൃതമാണ്. നേരത്തെ നമ്മുടെ ഗ്രാമങ്ങളിൽ പഞ്ച് പരമേശ്വറുമാരുണ്ടായിരുന്നു. ആയിര കണക്കിന് വർഷങ്ങൾക്കുമുൻപ് ദ്വാരകയിൽ യാദവരുടെ കാലത്ത് തന്നെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ഇവിടെ ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു. അതിനാല്‍ ജനാധിപത്യം നമ്മുടെ രാജ്യത്തിന്റെ പ്രകൃതമായിരുന്നുവെന്നു പറയാം-അമിത് ഷാ കൂട്ടിച്ചേർത്തു.