കര്‍ഷക സമരത്തില്‍ പോലീസ് ലാത്തി വീശി; നിരവധി കര്‍ഷകര്‍ക്ക് പരിക്ക്

single-img
28 August 2021

ഹരിയാനയിലെ കര്‍ണാലിൽ കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം

നിലവിൽ പോലീസ് കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രതിഷേധത്തെ നേരിടാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

പോലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . അതേസമയം, സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.