ഷോളയൂർ സി ഐയ്ക്ക് വധ ഭീഷണി; കത്ത് വന്നത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

single-img
21 August 2021

പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്ന് ഭീഷണി കത്ത്. മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ കത്ത് ലഭിച്ച സംഭവത്തിൽ ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പം ഉണ്ടായിരുന്ന കത്തില്‍ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് എഴുതിയിരുന്നത്.

മാത്രമല്ല, പൂര്‍ണ്ണമായി അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു ഇതിലെ ഭാഷ.. മുന്‍പ്, ഈ മാസം തന്നെ അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.സംഭവത്തില്‍ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്ത പിന്നാലെയാണ് ഇപ്പോള്‍ ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.