അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായി

single-img
16 August 2021

കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണ്ണമായി താലിബാൻ പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായെന്ന് ആർഎൻഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ എംബസിയെ ഉദ്ദരിച്ച് കൊണ്ട് ചെയ്യപ്പെട്ട റിപ്പോര്‍ട്ടില്‍ അദ്ദേഹം നാല് കാറുകൾ നിറയെ പണം കൊണ്ടു പോയെന്നും ഹെലികോപ്ടറിൽ കൊള്ളാത്തത് ഉപേക്ഷിക്കുകയായിരുന്നെന്നും പറയുന്നു. നിലവില്‍ അഫ്ഗാന്‍ വിട്ട അഷ്റഫ് ​ഗനി അമേരിക്കയിൽ അഭയം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്.

തൊട്ടടുത്ത അയല്‍രാജ്യമായ താജിക്കിസ്ഥാനിൽ ആദ്യം അഭയം തേടിയെങ്കിലും അനുമതി കിട്ടാതായതോടെ ഒമാനിലാണ് ​ഗനിയും കൂട്ടരും വിമാനം ഇറങ്ങിയത്. ഇവിടെ നിന്നും ഇനി അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

രാജ്യം വിട്ട ശേഷം അഷ്റഫ് ​ഗനി ഫെയ്സ്ബുക്കില്‍ “എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂൾ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്”- എന്ന് അദ്ദേഹം എഴുതി.