നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയാം: ശ്രുതി രജനികാന്ത്

single-img
4 August 2021

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്നസീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രമായി എത്തിയാണ് ശ്രുതി ശ്രദ്ധേയയായത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം തുറന്ന് പറയുന്നത്. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങിനെ:

തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള അവസരമായിരുന്നു അത്. സിനിമയില്‍ പുതിയൊരു തുടക്കമായിരിക്കുമെന്ന് കരുതിയായിരുന്നു ആ അവസരംസ്വീകരിച്ചത്. പക്ഷെ നേരിടേണ്ടി വന്നത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല.സിനിമയുടെ പൂജയും ഫോട്ടോഷൂട്ടുമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു ആ സംഭവം. അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ പറയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ശ്രുതി അഭിമുഖത്തില്‍ പറയുന്നു.

പഠനത്തില്‍ പ്ലസ് ടു കഴിഞ്ഞ സമയത്തായിരുന്നു അത്. സിനിമയിലെ ഇത്തരത്തിലുള്ള ഫീല്‍ഡിനെക്കുറിച്ച് അങ്ങനെയധികം അറിയില്ലായിരുന്നു ആ സമയത്ത്. അഭിനയിക്കാന്‍ ഒരു സിനിമ കിട്ടിയെന്നറിഞ്ഞപ്പോള്‍ നല്ല സന്തോഷത്തിലായിരുന്നു. വളരെ നാളുകളായുള്ള സ്വപ്നത്തിലേയ്ക്ക് എത്തുകയാണെന്നുള്ള സന്തോഷത്തിലായിരുന്നു അന്ന്.

ആ സിനിമയുടെ സംവിധായകന്‍ ഇടയ്ക്കൊക്കെ വീട്ടിലേക്ക് വിളിച്ചിരുന്നു. വസ്ത്രത്തിന്റെ അളവ് അറിയാനായാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്.അപ്പോഴൊക്കെ അമ്മ അയാളോട് സംസാരിച്ചെങ്കിലും എന്നോട് നേരില്‍ സംസാരിക്കണമെന്ന് പറഞ്ഞു. എനിക്കങ്ങനെ സംസാരിച്ച് പരിചയമില്ല. അയാളുടെ വാക്കുകള്‍ കേട്ട് ദേഷ്യപ്പെട്ട് ഫോണ്‍ വെച്ചു. പിന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല.

അയാള്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയിരുന്നു. നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയാം. സിനിമ പാഷനാണ്, ഇതില്ലെങ്കിലും തനിക്ക് കരിയറുണ്ടെന്നും ശ്രുതി പറയുന്നു. ഒരു വ്യക്തിയല്ല ഒന്നും നിയന്ത്രിക്കുന്നത്. നല്ല ആളുകള്‍ ഒരുപാടുണ്ട്. ഇനി ചെയ്യില്ലെന്ന് പറഞ്ഞ് മടുത്ത് പോയിട്ടും തിരിച്ചെത്തിയ ആളാണ് താനെന്നുമായിരുന്നു ശ്രുതി പറഞ്ഞത്.