തമിഴ്നാട് ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല; പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍

single-img
3 August 2021

രാജ്യത്ത് നിലവില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ഒരു സംസ്ഥാനവും വിഭജിക്കുന്ന കാര്യം തങ്ങളുടെ ആലോചനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ഈ രീതിയില്‍ ഇതുവരെ ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

എന്നാല്‍ രാജ്യത്ത് പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും കാലാകാലങ്ങളില്‍ വിത്യസ്തമായ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ രാഷ്ട്രീയത്തെ അത് നേരിട്ട് ബാധിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്നാട് എം.പിമാര്‍ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.കൊങ്കുനാട് എന്ന പേരില്‍ തമിഴ്നാട് രണ്ടായി വിഭജിക്കണമെന്ന തമിഴ്നാട് ബി ജെ പിയുടെ ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.