ഭരണാധികാരികള്‍ വേഷം മാറി ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു; പെഗാസസ് വിവാദത്തില്‍ നടി കങ്കണ

single-img
20 July 2021

കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഭരണാധികാരികള്‍ വേഷം മാറിപ്പോയി ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നതായും രാമായണത്തിലും ഇതിന് ഉദാഹരണങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.

അങ്ങിനെ ചെയ്യുന്നത് ഭരണകൂടത്തിന്റെ ഭാഗമായ സാധാരണ പ്രവൃത്തിയാണ്. നമ്മുടെ രാമായണത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമുണ്ടെന്നും വേഷം മാറിയുള്ള സന്ദര്‍ശന സമയത്താണ് സീതാ ദേവിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള അഭിപ്രായം രാമന്‍ രഹസ്യമായി കേട്ടതെന്നും കങ്കണ ഓര്‍മ്മപ്പെടുത്തുന്നു. രാജ്യത്തെ സാമൂഹ്യവിരുദ്ധ കാര്യങ്ങളോ ജനങ്ങളുടെ പൊതു പ്രശ്നങ്ങളോ അവരുടെ മാനസികാവസ്ഥയോ രാജാവിന് അറിയണം എന്നുണ്ടെങ്കില്‍ അത് വലിയ കാര്യമല്ല.

അവ അറിയുക എന്നത് അദ്ദേഹത്തിന്റെ അധികാരവും ജോലിയുമാണ്. പക്ഷെ ഇതിലൂടെ താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്ന് തമാശപോലെ കങ്കണ എഴുതിയിട്ടുണ്ട്.