കൊവിഡിന് മരുന്ന് ചാണകവും മൂത്രവുമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലെയ്‌ച്ചോംബാമിനെ വെറുതേവിട്ട് സുപ്രീംകോടതി

single-img
19 July 2021

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച ബിജെപി നേതാവിന് അനുശോചനമായി ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മണിപ്പൂരിലെ പൊതു പ്രവർത്തകൻ എറെന്ത്രോ ലെയ്‌ച്ചോംബാമിനെ വെറുതേവിട്ട് സുപ്രീംകോടതി.

ഇനിയും അദ്ദേഹത്തെ ഒരു ദിവസം പോലും ജയിലിൽ പാർപ്പിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ മെയ് 13 നാണ് കൊറോണയ്ക്കുള്ള മരുന്ന് ചാണകവും മൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യ ബോധവുമാണ് എന്ന് എഴുതിയ പേരില്‍ ലെയ്‌ച്ചോംബാമിനെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരാണ് വിധി പറഞ്ഞത് . ലെയ്‌ച്ചോംബാമിനെ ഇനിയും തടവിൽ വെയ്ക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. അതേസമയം, കേസ് നാളത്തേക്ക് മാറ്റണമെന്നായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം.

നിശ്ചിതമായ വ്യവസ്ഥകൾക്ക് വിധേയമായി 1000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് അദ്ദേഹത്തെ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങൾ മതവികാരം വൃണപ്പെടുത്തുന്നതാണെന്നായിരുന്നു മണിപ്പൂർ ബിജെപി പ്രസിഡന്റ് ഉഷം ദേബന്‍ സിംഗിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.