കിറ്റക്സിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാർ: മന്ത്രി പി രാജീവ്‌

single-img
15 July 2021

സംസ്ഥാന സര്‍ക്കാര്‍ കിറ്റക്സുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി പി രാജീവ്‌. വ്യവസായികളുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ പോലും കിറ്റക്സ് പരാതിയുമായി വന്നില്ല. അവര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. സംസ്ഥാനത്തെ നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ വ്യവസായ സംരംഭകരുടെ ഭാഗത്ത്‌ നിന്നും നല്ല സഹകരണമാണ് സര്‍ക്കാരിന്ലഭിക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഏകജാലകം സംബന്ധിച്ച് ഒരു പരിശീലനം കൂടെ നൽകേണ്ടതുണ്ട്. ഇതോടൊപ്പം വ്യവസായത്തിനായി ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.