ബ്രസീലിനെതിരേ മെസ്സി കളിച്ചത്​ പരിക്കുമായി; ആ വേദന അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്​ടപ്പെടും: കോച്ച്​ ലയണൽ സ്​കളോനി

single-img
11 July 2021

ഇന്നലെ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തോൽപ്പിച്ച്​ ജേതാക്കളായതിന്​ പിന്നാലെ അർജന്‍റീന നായകൻ ലണൽ മെസ്സിയെ പ്രകീർത്തിച്ച്​ കോച്ച്​ ലയണൽ സ്​കളോനി. ഫൈനലിൽ മെസ്സി കളിച്ചത്​ പരിക്കുമായിട്ടാണെന്ന്​ കോച്ച്​ മത്സര​ ശേഷം മാധ്യമ​ങ്ങളോട്​ പറഞ്ഞു.

‘മെസ്സി ഇന്ന് ഫൈനലിൽ കളിച്ചത്​ എത്രത്തോളം വേദന അനുഭവിച്ചുകൊണ്ടാണെന്ന്​ അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്​ടപ്പെടും. എത്രത്തോളം ഫിറ്റ്​ അല്ലെന്ന്​ മനസ്സിലാക്കിയാലും അദ്ദേഹത്തെ പോലൊരു കളിക്കാരനെ കളത്തിലിറക്കാതിരിക്കാൻ ആ സമയം ആകുമായിരുന്നില്ല. പ്രത്യേകിച്ച്​ ഇന്നത്തെ കളിയിലും ഇതിന്​ മുമ്പത്തെ കളിയിലും’ -സ്കളോനി പറഞ്ഞു.

പക്ഷെ എന്തായിരുന്നു മെസ്സിക്ക് പറ്റിയ പരിക്ക്​ എന്ന്​ സ്​കളോനി വ്യക്​തമാക്കിയില്ല. സെമി ഫൈനലില്‍ 55–ാം മിനിറ്റിൽ ഫ്രാങ്ക് ഫാബ്രയുടെ പരുക്കൻ ടാക്കിളിൽ പൊട്ടിയ ഉപ്പൂറ്റിയിൽ ബാൻഡേജിട്ടായിരുന്നു മെസ്സി കളി പൂര്‍ത്തിയാക്കിയത്​. അദ്ദേഹത്തിന്‍റെ കാലിലെ പിന്‍തുട ഞരമ്പിന്​ പരിക്കുണ്ട്​ എന്നാണ്​ പറയപ്പെടുന്നത്​.

ലോക ക്ലബ് ഫുട്​ബാളിൽ തുടര്‍ച്ചയായി നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും രാജ്യാന്തര ഫുട്​ബാൾ കിരീടം കിട്ടാക്കനി ആയപ്പോൾ ‘കിരീടമില്ലാത്ത രാജാവ്​’ എന്ന്​ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു കോപ്പയിലെ മെസ്സിയുടെ പ്രകടനമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.