സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

single-img
18 June 2021

കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ ഈ മേഖലയില്‍ 100 ശതമാനം വാക്സിനേഷന്‍ നടപ്പാക്കും.

വിനോദസഞ്ചാരവികസനത്തിന് കൊച്ചി നഗരസഭയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള യോഗശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ പൊതുമരാമത്തുവകുപ്പിനെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പിന്റെ പോരായ്മ പരിഹരിക്കും. ട്രയല്‍ റണ്‍ നടക്കുകയാണ്. 4000 കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. ബാക്കി 31,000 കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷനും വേഗത്തില്‍ പൂര്‍ത്തിയാക്കും. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ടോള്‍ ഫ്രീ നമ്പരിലെ പരാതികള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പരിഹാരനടപടികള്‍ നിരീക്ഷിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ ജനങ്ങളുമായി സംവദിക്കുന്നതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.