കെ സുരേന്ദ്രന്റെ കൈയ്യിലെ ബാഗിലുണ്ടായിരുന്നത് വസ്ത്രങ്ങളും ഷേവിങ് സെറ്റും കുറച്ച് പൗഡറും; ന്യായീകരണവുമായി വിവി രാജേഷ്

single-img
6 June 2021

ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണ സമയം സംസ്ഥാനമാകെ കുഴൽപ്പണം കടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പാർട്ടി നേതാവ് വിവി രാജേഷ് രംഗത്ത്. പ്രചാരണ സമയം സുരേന്ദ്രൻ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്ന പെട്ടിയിൽ വസ്ത്രങ്ങളായിരുന്നു എന്നാണ് വിവി രാജേഷ് ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.

പെട്ടിയുടെ ഉള്ളില്‍ എന്തായിരുന്നു എന്നത് സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ചു ഉറപ്പുവരുത്തിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാജേഷിന്റെ വാക്കുകള്‍: ‘ ഈ ഹെലികോപ്ടർ കഥ പ്രചരിക്കുന്നത് കേട്ട് ഞാൻ സുരേന്ദ്രൻജിയോട് ചോദിച്ചു. നിങ്ങളാ ഹെലികോപ്ടറിൽ എന്താണ് കൊണ്ടുവന്നത്? -പത്തനംതിട്ടയാണല്ലോ ഹെലികോപ്ടറിൽ കോടികൾ കൊണ്ടുവന്നു എന്ന് പറയുന്നത്- സുരേന്ദ്രന്‍ പറഞ്ഞു: എന്റെ ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയൻ, പിന്നെ മറ്റുള്ള വസ്ത്രങ്ങൾ, ഷർട്ട്, മുണ്ട്. ചെറിയ ബാഗിൽ ഒരു ഷേവിങ് സെറ്റും കുറച്ച് പൗഡറും ഒരു ചീപ്പോ പെർഫ്യൂമോ എന്തോ ഉണ്ടായിരുന്നു. ഇതായിരുന്നു കൊണ്ടുവന്നത്.

ശരിക്കും ഇതാണ് ഞങ്ങളുടെ കൈയിലുള്ളത്. ഇതല്ല എന്ന് തെളിവുണ്ടെങ്കിൽ വച്ചോണ്ടിരിക്കാതെ കോടതിയിൽ പോകണം മനോരമ ന്യൂസിന്റെ ചർച്ചയിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത രാഹുൽ മാങ്കൂട്ടത്തിനോട് വിവി രാജേഷ് പറഞ്ഞു. മാത്രമല്ല, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും പൊലീസിനെയും അറിയിച്ചാണ് ഹെലികോപ്ടറിലെ സഞ്ചാരമെന്നും വി വി രാജേഷ് പറയുന്നു.