കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

single-img
3 June 2021

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. എന്നാല്‍ കാലവര്‍ഷമെത്തുന്നതിന്റെ സൂചനകള്‍ രൂപപ്പെടാത്തതിനാല്‍ മണ്‍സൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം.

മധ്യകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും മഴ പ്രതീക്ഷിക്കാം. കേരള തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും തെക്കന്‍ തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.