കോവിഡ് പ്രതിരോധത്തിലെ വീഴ്ച; കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നു

single-img
3 June 2021

കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൂർണ്ണമായി പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. കോവിഡ് വാക്സിൻ വിഷയത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പൂർണ്ണപരാജയമായിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ഈ നീക്കം. പ്രതിപക്ഷ ഐക്യ യോഗ തിയതിയോ സ്ഥലമോ ഇതുവരെ അന്തിമമായിട്ടില്ല. നേരത്തെ കഴിഞ്ഞ വർഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്.

നിലവിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ, ഒഡിഷയുടെ നവീൻ പട്‌നായിക്ക് എന്നിവർ വാക്‌സിൻ നയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തുണ്ട്. തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിനും ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് തുടക്കം മുതൽ തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സർക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവുമൊടുവിൽ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാർ സ്വീകരിച്ച കോവിഡ് നയങ്ങൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജ പ്രതികരിച്ചിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാൾ, വൈഎസ്ആർ നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി, ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്ക് എന്നിവർ പ്രതിപക്ഷ നീക്കത്തൊടൊപ്പം നിൽക്കുമോ എന്ന കാര്യം വ്യക്തമല്ല.