പ്രവാസി വാക്‌സിനേഷനില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

single-img
1 June 2021

പ്രവാസികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. പ്രവാസികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

വാക്‌സിനേഷനില്‍ മുന്‍ഗണന ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഈ മേഖലയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

യാത്ര നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കും, സ്റ്റുഡന്റ് വിസയില്‍ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ സാധുത ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ പൂര്‍ണ്ണമായ പേര് ‘ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക്ക’ എന്ന് രേഖപ്പെടുത്താന്‍ നടപടിയെടുക്കുക ,ഇന്ത്യന്‍ നിര്‍മ്മിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക , നിലവില്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകള്‍ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാല്‍ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തില്‍ പരമാവധി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളില്‍ നടപടി എടുക്കാനാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം.