അപേക്ഷ നല്‍കേണ്ട സമയം അവസാനിച്ചു; ഡയറി ഫാമുകളിലെ പശുക്കളുടെ ലേലം ബഹിഷ്കരിച്ച് ലക്ഷ്ദ്വീപ് നിവാസികൾ

single-img
27 May 2021

ഡയറിഫാമുകള്‍ അടച്ചുപൂട്ടാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഏതുത തീരുമാനത്തിൽ പ്രതിഷേധമായി ലക്ഷദ്വീപിലെ ഡയറി ഫാമുകളിലെ പശു ലേലം ദ്വീപ് നിവാസികൾ ബഹിഷ്കരിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കേണ്ട സമയം അവസാനിച്ചിട്ടും ഒരാള്‍ പോലും ലേലത്തില്‍ പങ്കെടുത്തില്ല.

ഇതോടൊപ്പം കാളകളുടെ ലേലവും ദ്വീപ് നിവാസികള്‍ ബഹിഷ്കരിക്കുകയുണ്ടായി. ഫാം നിര്‍ത്താന്‍ നേരത്തെ തീരുമാനം എടുത്തതിനാൽ ഫാമുകളില്‍ വരും ദിവസങ്ങളിലേക്കുള്ള കാലിത്തീറ്റ സ്റ്റോക്കില്ല എന്നത് ഒരു പ്രശ്നമായി ഉണ്ട്. മെയ് 31ഓടു കൂടി ഫാമുകള്‍ അടച്ചുപൂട്ടണമെന്നും 28ഓടു കൂടി ഫാമുകളിലുള്ള പശുക്കളുടെ ലേലം നടക്കണമെന്നുമായിരുന്നു ഭരണകൂട നിര്‍ദേശം. തുടർന്ന് ദ്വീപ് നിവാസികള്‍ക്ക് 5000 രൂപയടച്ച് ലേലത്തില്‍ പങ്കെടുക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്ത് വന്നിരുന്നു. കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു.