എല്ലാ ബോളുകളും അടിക്കാൻ ശ്രമിച്ച് ഔട്ടാകരുത്; ഋഷഭ് പന്തിനോട്‌ കപിൽ ദേവ്

single-img
27 May 2021

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയനായ യുവതാരം ഋഷഭ് പന്തിന് ഒരു ഉപദേശവുമായി കപിൽദേവ്. ഇന്ത്യൻ ടീം നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര, എന്നിവയ്ക്കായി തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍ ഇന്ത്യൻ താരം കപില്‍ ദേവ് ഋഷഭ് പന്തിന് നല്ലൊരു ഉപദേശം നൽകുന്നത്.

ഇംഗ്ലണ്ടിനെതിരെ അവരുടെ രാജ്യത്ത് നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ അവിടെയുള്ള സാഹചര്യങ്ങൾ നിർണായകമാണ്, അതിനാല്‍ എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കരുതെന്ന നിർദ്ദേശമാണ് പന്തിന് കപിൽ ദേവ് നൽകിയിരിക്കുന്നത്. കപിൽദേവ് പറയുന്നത് വളരെ പക്വതയുള്ള ഒരു താരം ആയി ഋഷഭ് പന്ത് ഇതിനോടകം മാറിയിരിക്കുന്നു എന്നാണ്.

പന്ത് ഓരോ മത്സരങ്ങളും കളിക്കുന്ന ആ ഒരു രീതി വളരെ പ്രശംസനീയമാണെന്നും അദ്ദേഹത്തിന്റെ പക്കലുള്ള ഷോട്ടുകളുടെ ശേഖരം മികച്ചത് അതുകൊണ്ടുതന്നെ അത്തരം ഷോട്ടുകൾ കളിക്കാൻ സമയം എടുക്കണമെന്നും കപിൽ പറയുന്നു.

ഇംഗ്ലണ്ടില്‍ അഭിമുഖീകരിക്കേണ്ട പ്രതികൂല സാഹചര്യങ്ങളിൽ ടീമിന്റെ മധ്യനിരയിൽ കൂടുതൽസമയം പന്ത് പിടിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്. ടീമില്‍ രോഹിത് ശർമ്മയുടെ പക്കലും നിരവധി ഷോട്ടുകളുണ്ട്, എന്നാല്‍ ക്രീസിൽ നിന്ന് പുറത്തിറങ്ങി നിരവധി തവണ രോഹിത് ഔട്ട് ആയിട്ടുണ്ട്. ഏകദേശം അതുപോലെയാണ് ഋഷഭ് പന്ത്. അതിനാല്‍ വളരെ സമയമെടുത്ത് ശ്രദ്ധയോടുകൂടി കളിക്കണം എന്നും കപിൽദേവ് നിർദ്ദേശിക്കുന്നു.