തനിച്ചായവര്‍ക്ക് സാന്ത്വനമായി, കരുതലായി അവരുണ്ട്! ഇന്ന് ലോക നഴ്‌സസ് ദിനം

single-img
12 May 2021
pediatric’s office nurse with patients

ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മയില്‍ ഒരു നഴ്‌സ്ദിനവും കൂടിയെത്തി.

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.

കൊവിഡ് സേവനത്തിനിടെ രാജ്യത്ത് ജീവന്‍ നഷ്ടമായത് 90 നേഴ്സുമാര്‍ക്കാണ്. ആതുര സേവനത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ലിനി ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ ഓര്‍ക്കാതെ ഒരു നഴ്‌സസ് ദിനവും ആചരിക്കാനാവില്ല. നിപ്പ ലിനിയുടെ ജീവനെടുത്തപ്പോള്‍ കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ നഴ്‌സുമാരുടെ വേര്‍പാടും ഈ നഴ്‌സസ് ദിനത്തില്‍ നൊമ്പരമാവുകയാണ്.

കൊവിഡിന്റെ ഭീകരത ഇല്ലാതാക്കിയ മകളുടെ ഓര്‍മകളുമായി ജീവിക്കുന്ന അമ്മയുണ്ട് ബാലുശ്ശേരിയില്‍. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ രമ്യ ലോകത്തോട് വിട പറഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ രമ്യയുടെ കുഞ്ഞിനെയും കാത്തിരുന്ന ആ കുടുംബം ഇന്ന് കാത്തിരിക്കുന്നത് കെട്ടിപ്പൊതിഞ്ഞ മകളുടെ മൃതശരീരമാണ്.

സ്വന്തം ജീവിതം പോലും മറന്ന് ലോകത്തെ സംരക്ഷണകവചമൊരുക്കി കാത്തുവെക്കുന്നവരാണ് മാലാഖമാരെന്നു വിളപ്പേരുള്ള നഴ്‌സുമാര്‍. മാലാഖമാര്‍ തന്നെയാണ്…
കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിര്‍ഭയം പിടിച്ചു നില്‍ക്കുന്നവരാണ് ഇന്ന് നഴ്‌സുമാര്‍. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയില്‍ തനിച്ചായിപ്പോയവര്‍ക്ക് സ്വാന്തനമാവുന്നവര്‍, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തില്‍ നിന്ന് രോഗികളെ കൈപിടിച്ചുയര്‍ത്തുന്നവര്‍, പ്രിയപ്പെട്ടവരില്‍ നിന്നകന്ന് ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവര്‍…ഓര്‍ക്കാം ഈ ദിനത്തില്‍ സ്മരിക്കാം തൊഴുകൈകളോടെ..