ഹരിയാനയിൽ അജ്ഞാത ജ്വരം വ്യാപിക്കുന്നു; പത്ത് ദിവസത്തിനിടെ മരിച്ചത് 28 ആളുകൾ

single-img
11 May 2021

രാജ്യമാകെ കൊവിഡ് രണ്ടാം തരംഗം വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയിൽ അജ്ഞാത ജ്വരം പടരുന്നു.അവസാന പത്തു ദിവസത്തിനിടെ 28 പേരാണ് സംസ്ഥാനത്ത് അജ്ഞാത ജ്വരം പിടിപ്പെട്ട് മരണമടഞ്ഞത്.

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഇവിടെ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. ഇതേവരെ 28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ വരെ മരിച്ചതായി പ്രദേശവാസികൾ പറയുന്നു.

തിരിച്ചറിയാനാവാത്ത ജ്വരമെന്ന്‌ നാട്ടുകാർ പറയുന്നുണ്ടെങ്കിലും കൊവിഡ് ബാധിച്ചാകാം ഇവർ മരിച്ചതെന്നാണ് അധികൃതർ പ്രധാനമായും സംശയിക്കുന്നത്. കാരണം,ഈ ഗ്രാമത്തിൽ ഇതിനോടകം നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു.

തിതോലിയിലും അതിന്റെ സമീപ ഗ്രാമപ്രദേശങ്ങളിലും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ 746 പേരിൽ 159 പേരും കൊവിഡ് പോസിറ്റീവാണ്.അതിനാല്‍ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്‌നി അറിയിച്ചു. അധികൃതര്‍ മരണവുമായി ബന്ധപ്പെട്ട യഥാർഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.