ഓണ്‍ലൈന്‍ പരസ്യത്തിലൂടെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പേരാമ്പ്ര സ്വദേശിയുടെ പണം നഷ്ടമായെന്ന് പരാതി

single-img
10 May 2021

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഡ്രൈവര്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ കൈയില്‍ നിന്ന് പണം തട്ടിയത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പേരിലാണ് തട്ടിപ്പ്. വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലിയുണ്ടെന്നായിരുന്നു പ്രമുഖ സെക്കന്റ് ഹാന്‍ഡ് സാധന വില്‍പ്പന ഓണ്‍ലൈന്‍ വെബ് സൈറ്റിലെ പരസ്യം. ഉയര്‍ന്ന ശമ്പളമാണ് ഓഫര്‍. പേരാമ്പ്ര കല്‍പ്പത്തൂര്‍ കൂരന്‍തറമ്മല്‍ പ്രദീപ് കുമാര്‍ പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. ഹിന്ദിയിലാണ് സംസാരം.

തട്ടിപ്പുകാരന്‍ കൂടുതല്‍ വിശദാംശങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. ഒപ്പം അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് രേഖകള്‍ വാങ്ങുകയും ചെയ്തു. ഹെവി ഡ്രൈവര്‍ ജോലിയുടെ അറിയിപ്പ് ലഭിച്ചു, 39766 രൂപയാണ് ശമ്പളം. താങ്കളുടെ ആവശ്യപ്രകാരം നെടുമ്പാശേരിയില്‍ തന്നെ ജോലി ലഭിക്കുമെന്ന ഉറപ്പും അറിയിപ്പിലുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നിയമനം ലഭിക്കൂ. ഇതിനായി 1550 രൂപ അടക്കണം. ജോബ് ട്രെയിനിംഗ് ലെറ്ററും പേരാമ്പ സ്വദേശിക്ക് ലഭിച്ചു. ജോലി ലഭിക്കാനുള്ള ആവേശത്തില്‍ 1550 രൂപ ഫോണ്‍പേ ചെയ്ത് നല്‍കി. ഡ്രൈവര്‍ ജോലിക്ക് വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മതിയെന്നും പറഞ്ഞാണ് ആളുകളെ വലയിലാക്കുന്നത്.

ഗ്രൗണ്ട് സ്റ്റാഫ്, ലഗേജ് ചെക്കര്‍, ഗ്രൗണ്ട് സൂപ്പര്‍വൈസര്‍, ഗ്രൗണ്ട് ഓഫീസര്‍ തുടങ്ങിയ ജോലികളും തട്ടിപ്പ് സംഘം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി വ്യാപക പരസ്യം നല്‍കി ഓണ്‍ലൈന്‍ വഴി തന്നെ പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണെന്നാണ് പൊലീസ് നിഗമനം.