തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവും: സോണിയാ ഗാന്ധി

single-img
7 May 2021

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കൂടുതൽ വിശകലനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കവെ സോണിയ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അതിന് പുറമെയായിരുന്നു കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം. ഇത് വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ തിരിച്ചടിയില്‍ നിന്ന് കോൺഗ്രസ് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒന്നും തന്നെ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.