12 നും 15നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അനുമതി നൽകി കാനഡ

single-img
6 May 2021

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനൊരുങ്ങി കാനഡ. 12 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് രാജ്യം നല്‍കിയിരിക്കുന്നത്‌. 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായി വാക്‌സിന്‍ നല്‍കാന്‍ കാനഡ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.  

ചെറുപ്പക്കാരില്‍ സുരക്ഷിതവും ഫലപ്രദവുമാണ് ഫൈസറിന്റെ കോവിഡ് വാക്‌സിനെന്ന് കനേഡിയന്‍ ഫെഡറല്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് സുപ്രിയ ശര്‍മ്മ പറഞ്ഞു. ഇത്തരമൊരു അനുമതി നല്‍കിയ ആദ്യത്തെ രാജ്യമാണ് കാനഡയെന്ന് സുപ്രിയ ശര്‍മയും ആരോഗ്യ മന്ത്രാലയ വക്താവും പറഞ്ഞു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അള്‍ജീരിയ അനുമതി നല്‍കിയതായി ഫൈസറിന്റെ കനേഡിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ കനേഡിയന്‍ ആരോഗ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല. 

അമേരിക്കയും ഉടൻതന്നെ സമാനമായ രീതിയില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികം വൈകാതെ വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Summary : Canada given the permission to vaccinate children aged 12-15 with Pfizer Covid-19 vaccine