ഇവിടെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവർക്ക് ബിയര്‍ സൗജന്യം

single-img
4 May 2021

കോവിഡ് വാക്‌സിന്‍ സാധാരണക്കാരിലേക്ക് കൂടുതലായി എത്തിക്കുന്നതിന് വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് ന്യൂ ജേഴ്‌സി ഗവര്‍ണര്‍ . അവിടെ ഈ മാസം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.

ഇതിനായി പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി കഴിഞ്ഞ ദിവസം ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഔദ്യൊഗീകമായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ 21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്‌സിക്കാര്‍ക്കാണ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സൗജന്യമായി ബിയര്‍ കൂടി ഒപ്പം ലഭിക്കുക. ഇതിനായി മെയ് മാസംതന്നെ കോവിഡ് വാക്സിന്റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന.

ഇത്തരത്തില്‍ വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ‘ഓപ്പറേഷന്‍ ജേഴ്‌സി സമ്മര്‍’ എന്ന പദ്ധതിയിലൂടെയാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് വിപുലമായ പദ്ധതികളാണ് ന്യൂജേഴ്‌സി ഭരണകൂടം സ്വീകരിക്കുന്നത്. ഈ വര്‍ഷം തന്നെ ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി.