കൊവിഡിന് മുന്നില്‍ മുട്ട് മടക്കി; ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി ബിസിസിഐ

single-img
4 May 2021

ഒടുവിൽ കൊവിഡിന് മുന്നില്‍ മുട്ട് മടക്കി ഐപിഎല്‍ ടൂര്‍ണമന്റ് അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ച് ബിസിസിഐ. കഴിഞ്ഞ ദിവസത്തെതിൽ നിന്നും വിഭിന്നമായി കളിക്കാര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനമെടുത്തത്.

ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധമാന്‍ സാഹയ്ക്കും ഡൽഹിയുടെ താരം അമിത് മിശ്രയ്ക്കുമാണ് കൊവിഡ്സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളിൽ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരം ബിസിസിഐ നിര്‍ത്തിവച്ചിരുന്നു.

ഇതിനെ തുടർന്ന് ടൂര്‍ണമെന്റ് തന്നെ പൂർണ്ണമായി നിര്‍ത്തിവയ്ക്കണമെന്ന് പലഭാഗത്തുനിന്നും ആവശ്യമുയര്‍ന്നെങ്കിലും മുന്നോട്ടുപോകുമെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോൾ കൂടുതല്‍ കളികള്‍ നീട്ടിവയ്ക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.