കെ.സുരേന്ദ്രന്റെ കുട്ടിക്കളിയാണ് പരാജയകാരണമെന്ന് ആര്‍എസ്എസ് നേതാവ് ഇ.എന്‍.നന്ദകുമാര്‍

single-img
3 May 2021

ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്റ്ററില്‍ പറന്നു പ്രചാരണം നടത്തിയ കെ സുരേന്ദ്രന്റെ കോമാളിത്തരവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് ആര്‍എസ്എസ് നേതാവ് ഇ.എന്‍.നന്ദകുമാര്‍. ഇങ്ങനെയുള്ളവര്‍ എത്രയുംവേഗം സ്ഥാനമൊഴിഞ്ഞ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നന്ദകുമാര്‍ ആവശ്യപ്പെട്ടു.

കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ സഹോദരനായ നന്ദകുമാര്‍ തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ചത്. ‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ. എന്നാണ് നന്ദകുമാറിന്റെ എഫ്ബി പോസ്റ്റ്.