രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനില്‍ അനിശ്ചിതത്വത്തില്‍

single-img
1 May 2021

വാക്സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ് ഉടനുണ്ടാകില്ലെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇപ്പോള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശനിയാഴ്ച തുടങ്ങാന്‍ സാധിക്കില്ല.

രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടിയാണ്. അതായത് ഇവര്‍ക്ക് നല്‍കാന്‍ 120 കോടി ഡോസ് വാക്സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്സിന്‍ ഉത്പാദനം ഏഴ് കോടി ഡോസ് മാത്രമാണ്.

അതിനാല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവിലെ ഉത്പാദനത്തോത് പ്രകാരം ഒരു വര്‍ഷത്തിലേറെ വേണ്ടി വരും. അതായത് പ്രഖ്യാപിച്ച വേഗതയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്ലാം സമ്പൂര്‍ണമായി വാക്സിന്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ കടുത്ത വാക്സിന്‍ ക്ഷാമമാണ് എതാണ്ട് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നത്. കേരളമടക്കമുള്ള എതാണ്ട് എല്ലാ സംസ്ഥാനങ്ങളും വാക്സിന് ആവശ്യം നിര്‍മാതാക്കളെ അറിയിച്ചു. രണ്ടര കോടി യുവജനങ്ങള്‍ ഇതുവരെ വാക്സിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേന്ദ്രം നല്‍കിയ ഒരു കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം 19.81 ലക്ഷം ഡോസ് കൂടി കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.