വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ ചെയ്യേണ്ടതെന്തൊക്കെ?

single-img
30 April 2021

വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ഓരോ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം ഡോസിന് എത്തേണ്ട സമയം നേരിട്ട് അറിയിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ ആകും അറിയിപ്പ് ലഭിക്കുക. ഇത് അനുസരിച്ച് വാക്‌സിന്‍ എടുക്കാനുള്ളവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. രണ്ടാം ഡോസിന് സമയമായിട്ടും അറിയിപ്പു ലഭിച്ചില്ലെങ്കില്‍ കേന്ദ്രവുമായി ബന്ധപ്പെടണം.

രണ്ടാം ഡോസ് എടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാകിസിന്‍ ലഭ്യമാക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗരേഖ.
എന്നാല്‍ ഇതുപ്രകാരം വ്യാഴാഴ്ച നേരിട്ടെത്തിയവര്‍ക്ക് മരുന്ന് ലഭിച്ചില്ല. പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയത്.

ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതുപ്രകാരം വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശാപ്രവര്‍ത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. ആദ്യ ഡോസിന്റെ കാലാവധി തീരാറായവര്‍ക്ക് പ്രാധാന്യം നല്‍കാനുമാണ് തീരുമാനം.

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ച്, രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിനുശേഷമേ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി ആദ്യ ഡോസുകാര്‍ക്ക് സമയം അനുവദിക്കുകയുള്ളൂ.രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആറുമുതല്‍ എട്ടാഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്.