കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; മോന്‍സ് ജോസഫ്-ഫ്രാന്‍സിസ് ജോര്‍ജ് തമ്മിലുള്ള തര്‍ക്കം മുറുകുന്നു

single-img
28 April 2021

കേരളാ കോണ്‍ഗ്രസില്‍ പുനഃസംഘടനയ്ക്ക് പിന്നാലെ കടുത്ത അമര്‍ഷം. കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫ്- ഫ്രാന്‍സിസ് ജോര്‍ജ് തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പുനഃസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ പരസ്യ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഫ്രാന്‍സിസ് ജോര്‍ജ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ എല്ലാം പാര്‍ട്ടി പരിഗണിച്ചിട്ടുണ്ടെന്നാണ് മോന്‍സ് വിഭാഗത്തിന്റെ വാദം. ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോഴാണ് മോന്‍സ് ജോസഫ് പിജെ ജോസഫിന്റെ വിശ്വാസതനായത്. പിന്നീട് തിരികെയെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് പഴയ സ്ഥാനം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് – മോന്‍സ് ജോസഫ് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടിയുടെ പുനഃസംഘടന വേളയില്‍ വിയോജിപ്പുകള്‍ മറനീക്കി പുറത്ത് വന്നു.

ഭരണഘടന ഭേദഗതി നടത്തി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം മോന്‍സ് ജോസഫിന് നല്‍കിയതാണ് ഫ്രാന്‍സിസ് ജോര്‍ജിനെ ചൊടിപ്പിച്ചത്. തനിക്കൊപ്പമുള്ളവരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ആവശ്യവും നടപ്പായില്ല. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ അതൃപ്തി അനാവശ്യമെന്നാണ് മോന്‍സ് ജോസഫ് പക്ഷം പറയുന്നത്. പാര്‍ട്ടിയിലേക്ക് തിരികെ എത്തിയ ഫ്രാന്‍സിസ് ജോര്‍ജ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും, ഇടുക്കി സീറ്റുമാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ചെന്നാണ് മോന്‍സ് പക്ഷത്തിന്റെ വാദം.