കോവിഡ് ദുരന്തവേളയിൽ ഐപിഎൽ തുടരുന്നത് ശരിയല്ല;ഐപിഎൽ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യില്ലെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

single-img
25 April 2021

കോവിഡ് ദുരന്തവേളയിൽ ഐപിഎൽ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നത് താത്ക്കാലികമായി നിർത്തിവെക്കുന്നതായി രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ‘ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’.

രാജ്യമാകെകൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പതിനായിരങ്ങൾ മരണത്തിന് കീഴടങ്ങുമ്പോൾ മറുവശത്ത് ക്രിക്കറ്റ് മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ എക്സ്പ്രസിന്റെ ഈ തീരുമാനം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിൽ എഡിറ്ററുടെ കുറിപ്പോടെയാണ് ഇക്കാര്യം പത്രം വ്യക്തമാക്കിയത്.

തങ്ങൾ ഐപിഎൽ വാർത്തകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായും രാജ്യത്ത് സാധാരണനില തിരിച്ചുവരുന്നതുവരെ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന രീതി തുടരുമെന്നും പത്രം വ്യക്തമാക്കി. “കൊവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് ഇന്ന് രാജ്യം നീങ്ങുന്നത്. ഒരു സൂഷ്മാണു വരുത്തിയ വെല്ലുവിളികൾക്കു മുൻപിൽ ആഗോള ആരോഗ്യ സംവിധാനത്തിന് മറുപടിയില്ലെന്നു തെളിഞ്ഞതോടെ പതിനായിരക്കണക്കിന് ജനങ്ങളാണ് ജീവനായി മല്ലടിക്കുന്നത്.

ഇത്തരമൊരു ദുരന്തവേളയിൽ അതീവ സുരക്ഷയൊരുക്കി ഇന്ത്യയിൽ ക്രിക്കറ്റ് മാമാങ്കം തുടരുന്നത് ശരിയായ രീതിയല്ല. ഈ വാണിജ്യവൽക്കരണം വിവേകമില്ലാത്തതാണ്. കളിയല്ല പ്രശ്‌നം, കളി നടക്കുന്ന സമയമാണ്.” -എഡിറ്റർ വ്യക്തമാക്കി.